വാഗമൺ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 14 മുതൽ

കേരളത്തിലെ ഏറ്റവും പേരുകേട്ട സാഹസിക ലക്ഷ്യസ്ഥാനമാണ് വാഗമൺ. കോടമഞ്ഞു നിറഞ്ഞ താഴ്വാരങ്ങളും വെള്ളച്ചാട്ടവും പാറക്കൂട്ടങ്ങളും പുൽമേടും മൊട്ടക്കുന്നും തടാകവും പൈൻ മരത്തോട്ടവും അടക്കം ഇഷ്ടംപോലെ കാഴ്ചകൾ

.

ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം കൂടി വന്നതോടെ വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിനുള്ള കാത്തിരിപ്പിലാണ് വാഗമൺ.അതെ! വാഗമൺ ആവേശത്തിലാണ്! ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെൽ ആയ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന് ഇനി നീണ്ട കാത്തിരിപ്പില്ല.

മാർച്ച് 14,15,16,17 എന്നീ നാലു തിയതികളിലായി നടക്കുന്ന ഫെസ്റ്റിവലിനായി വാഗമണ്‍ ഒരുങ്ങിക്കഴിഞ്ഞു പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെ കേരളാ
ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെൽ വാഗമണ്ണിൽ നടത്തുന്നത്.

പതിനഞ്ച് രാജ്യങ്ങളാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിൽ പങ്കെടുക്കുക. അതോടൊപ്പം നൂറിലധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാരും . ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും ഫെസ്റ്റിവലിൽ പങ്കെടുക്കാനായി വാഗമണ്ണില്‍ എത്തും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്ലൈഡർമാരും ഫെസ്റ്റിവലിൽ പങ്കെടുക്കാനായി എത്തും. ഇത് കൂടാതെ ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും.വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്തിയാകും പരിപാടികൾ സംഘടിപ്പിക്കുക. പൈലറ്റുമാരും ഗ്ലൈഡര്‍മാരും നടത്തുന്ന ട്രയല്‍ റണ്ണുകളും എയറോഷോയും അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന്‍റെ പ്രധാന ആകർഷണമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*