തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് വച്ച് പിടികൂടിയ അഖിലിൽ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

പൂക്കോട് സർവകലാശാലയിൽ നടന്ന സിദ്ധാർഥ് എന്ന വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് ഇനിയും പറയരുതെന്നാണ് പൊതുസമൂഹത്തോട് അപേക്ഷിക്കാനുള്ളതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കൊലപാതകം തന്നെയാണ് നടന്നത്, അതും കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്. അതിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ കൊലയാളിപ്പാർട്ടിയായ സി പി എമ്മിന്റെ വിദ്യാർത്ഥിസംഘടനയിൽപ്പെട്ട ആളുകളുടേതാണ് എന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കാലങ്ങളായി കേരളത്തിലെ കലാലയങ്ങളിൽ എസ് എഫ് ഐ എന്ന സംഘടന നടത്തിവരുന്ന വിദ്യാർത്ഥി വിചാരണയുടെയും ശിക്ഷ വിധിക്കലിന്റെയും ക്രൂരമുഖം ഒരിക്കൽക്കൂടി വെളിപ്പെടുകയാണ്. ഇത് നമ്മളറിഞ്ഞ സിദ്ധാർഥിന്റെ ജീവിതമാണ്. നമ്മളറിയാതെ പോയ എത്രയെത്ര സിദ്ധാർഥുമാർ ഇവിടെയുണ്ടായിരുന്നുവെന്നതാണ് മുൻപിൽ വരുന്ന ചോദ്യം.

അടിമുടി മനുഷ്യന്റെ അവകാശങ്ങളെ പരിഹസിച്ചും ധ്വംസിച്ചും എസ് എഫ് ഐ നടത്തുന്ന ഹിംസാത്മക പ്രവർത്തനങ്ങൾ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അതിന് കോൺഗ്രസ് മുൻകൈയെടുക്കും. ഇനി ഉത്തരം നൽകേണ്ടത് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയും എസ് എഫ് ഐയെ കൊലയാളി സംഘടനയാക്കി വളർത്തുന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. പ്രതികളെ തള്ളുമോ, കൊള്ളുമോ എന്നത് അവർ വ്യക്തമാക്കണം. അല്ലാതെ കേരളം നിങ്ങളെ സമാധാനമായി ഉറക്കുമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Be the first to comment