സൗദി അറേബ്യ; ലോക സഞ്ചാരികളുടെ കേന്ദ്രമാകുന്നു, കൂറ്റന്‍ വിമാനത്താവളം …

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദില്‍ നിര്‍മിക്കുകയാണ് സൗദി അറേബ്യ. കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത് ബ്രിട്ടന്‍ കേന്ദ്രമായുള്ള മെയ്‌സ് കമ്പനിക്കാണ്. ഡെലിവറി പാര്‍ട്ട്ണറായി എത്തുന്ന ഈ കമ്പനി പ്രധാന വിമാനത്താവളങ്ങള്‍ നിര്‍മിച്ച് പരിചയമുള്ളവരാണ് ലോകോത്തര കമ്പനികള്‍ റിയാദിലെ പുതിയ വിമാനത്താവള നിര്‍മാണ കരാറിന് വേണ്ടി കഴിഞ്ഞ വര്‍ഷം മുതല്‍ ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ മെയ്‌സ് കമ്പനിക്കാണ് കരാര്‍ ലഭിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിമാനത്താവളങ്ങളിലെ സൗകര്യം ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും.


വിമാനത്താവള പ്രൊജക്ട് തയ്യാറാക്കല്‍, രൂപ കല്‍പ്പന നിര്‍വഹിക്കല്‍, ചെലവ് പരിശോധന എന്നിവയിലെല്ലാം ബ്രിട്ടന്‍ കേന്ദ്രമായുള്ള കമ്പനി സഹകരിക്കും. യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളമായ ലണ്ടനിലെ ഹീബ്രു എയര്‍പോര്‍ട്ടിന്റെ നിര്‍മാണത്തില്‍ പങ്കാളിയായും അറ്റക്കുറ്റപണി കരാര്‍ ഏറ്റെടുത്തുമുള്ള പരിചയം മെയ്‌സ് കമ്പനിക്കുണ്ട്.


കമ്പനിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സൗദി ഭരണകൂടം പരിശോധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീത്രു വിമാനത്താവളത്തിലെ മൂന്ന് നവീകരണ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നതും ഈ കമ്പനിയാണ്. എന്നാല്‍ റിയാദിലെ പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന കരാര്‍ നേടിയത് ബ്രിട്ടനിലെ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്ട്‌ണേഴ്‌സ് ആണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് അമേരിക്കന്‍ കമ്പനിയായ ജേക്കബ്‌സ് ആണ്. 57 ചതുരശ്ര കിലോമീറ്ററിലാണ് റിയാദ് വിമാനത്താവളം. ആറ് റണ്‍വേകളുണ്ടാകും. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന്റെ ടെര്‍മിനലും ഇതിന്റെ ഭാഗമാകും. 1983ലാണ് കിങ് ഖാലിദ് വിമാനത്താവളം നിര്‍മിച്ചത്.

കിങ് സല്‍മാന്‍ വിമാനത്താവളം 2030ല്‍ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. ആദ്യ വര്‍ഷം തന്നെ 12 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയിലാണ് ഒരുക്കുന്നത്. പിന്നീട് ഘട്ടങ്ങളായി വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കും. 2050 ആകുമ്പോള്‍ 18.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം വിപുലീകരിക്കും. 35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റ ശേഷിയുമുണ്ടാകും. വ്യോമയാന രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. 10000 കോടി ഡോളറാണ് നിക്ഷേപിക്കുക. ലോകത്തെ 250 വിമാനത്താവളങ്ങളെ റിയാദിലെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.


സൗദിയിലേക്കുള്ള യാത്രകള്‍ എളുപ്പമാക്കുക, ചരക്ക് നീക്കം വേഗത്തിലാക്കുക, ആഗോള യാത്രയുടെ കേന്ദ്രമായി റിയാദിനെ മാറ്റുക, ലോകത്തെ ഏത് ഭാഗത്തേക്കും യാത്രയ്ക്ക് സൗകര്യമുള്ള കേന്ദ്രമായി മാറുക, യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഇടമാകുക, മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളില്‍ ഒന്നാകുക തുടങ്ങിയ പദ്ധതികളാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*