കോഴിക്കോട്: ഇത്തവണ സീരിയസായിട്ട് തന്നെയാണ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് എന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചര്‍ച്ചകള്‍ നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പതിവ് പോലെ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ചര്‍ച്ച നടക്കുന്നു എന്ന് പികെ കുഞ്ഞാലിക്കുട്ടി ഇന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ മുസ്ലീ ലീഗിന് മൂന്നാം സീറ്റില്ല എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൂന്നാം സീറ്റ് വേണമെന്ന വികാരം മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ശക്തമാണ്. ലീഗില്ലെങ്കില്‍ കോണ്‍ഗ്രസില്ല, ലീഗിന്റെ പിന്തുണ കൊണ്ടാണ് മലബാറിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്… തുടങ്ങിയ കാര്യങ്ങളാണ് ലീഗ് പ്രാദേശിക നേതാക്കള്‍ പങ്കുവച്ചിരുന്ന വികാരം. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നാം സീറ്റ് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.
ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസില്‍ വരുന്ന ധാരണ. നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരു രാജ്യസഭാ സീറ്റിലാണ് യുഡിഎഫിന് ജയിക്കാന്‍ സാധിക്കുക. ഇനി ഒഴിവ് വരുമ്പോള്‍ ആ സീറ്റ് ലീഗിന് നല്‍കാമെന്ന ഫോര്‍മുലയാണ് അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. അതിനിടെ സ്ഥാനാര്‍ഥികളെ വച്ചുമാറാനും ലീഗില്‍ തീരുമാനമായി പൊന്നാനി ലോക്സഭാ മണണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ ഇനി മല്‍സരിക്കില്ല. പകരം അദ്ദേഹം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മാറും
.
പൊന്നാനിയില്‍ പകരം അബ്ദുസമദ് സമദാനി ലീഗ് സ്ഥാനാര്‍ഥിയാകും. യുവ നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും അതുണ്ടാകില്ലെന്നാണ് വിവരം. പലരും ഭാഷാ പ്രശ്നങ്ങള്‍ സൂചിപ്പിച്ച് പിന്നോട്ട് വലിയുകയും ചെയ്തു. പൊന്നാനിയേക്കാള്‍ മുസ്ലിം ലീഗിന് ഉറപ്പുള്ള മണ്ഡലമാണ് മലപ്പുറം. ഇവിടേക്ക് മാറാന്‍ ഇടി മുഹമ്മദ് ബഷീറിനും താല്‍പ്പര്യമുണ്ട്. ഇക്കാര്യം പാര്‍ട്ടി പരിഗണിച്ചു എന്നാണ് സൂചന. രണ്ട് ദിവസത്തിനകം മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മാര്‍ച്ച് അഞ്ചിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. ഏപ്രില്‍ പകുതിയിലാകും വോട്ടെടുപ്പ് എന്നും അവര്‍ മനസിലാക്കുന്നു.

പൊന്നാനി മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ കൈവശമാണ്. താനൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല എന്നീ മണ്ഡലങ്ങളെല്ലാം സിപിഎമ്മിനൊപ്പം നില്ക്കുമ്പോള്, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി മണ്ഡലങ്ങള്‍ മുസ്ലിം ലീഗിനൊപ്പമാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് വേറെയാണെന്ന് ലീഗ് നേതാക്കള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.


Be the first to comment