കേരളത്തിൽ വീണ്ടും മഴ അറിയിപ്പ്.

കേരളത്തിൽ വീണ്ടും മഴ അറിയിപ്പ്; ഓറഞ്ച് അല‍ര്‍ട്ട് 2 ജില്ലകളിൽ, വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും.

കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

കണ്ണൂരിൽ ഒറ്റപ്പെട്ട ശക്തമായ മഴ 

കണ്ണൂരിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെളളമിറങ്ങിയിട്ടില്ല. ഇരുനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനെട്ടുകാരനായി തെരച്ചിൽ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടും ദുരിതവും തീർന്നിട്ടില്ല. വെളളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളുടെ വരാന്ത വിട്ട് പടിക്കെട്ടിലേക്ക് എത്തിയെന്ന് മാത്രം. കക്കാടും അഴീക്കോടും വീട്ടുകാർ ക്യാമ്പുകളിൽ തന്നെയാണ്.

കണ്ണൂർ നഗരത്തിലെ വെളളമെല്ലാം ഒഴുകിയെത്തുന്ന കക്കാട് പ്രദേശം തുടർച്ചയായ മൂന്നാം ദിവസവും വെളളത്തിലാണ്. വെളളമൊഴുക്കിവിടാൻ കോർപ്പറേഷൻ ഒന്നും ചെയ്യാത്തതിന്‍റെ ദുരിതമാണെന്ന് നാട്ടുകാർ പറ‌‍ഞ്ഞു. തലശ്ശേരിയിൽ തിരുവങ്ങാട്, കോടിയേരി എന്നിവിടങ്ങളിൽ വെളളമിറങ്ങി. ആളുകൾ വീട്ടിലേക്ക് മടങ്ങി.  മലയോര മേഖലയിൽ ഇടവിട്ടുളള മഴ തുടരുകയാണ്. പുഴകളിൽ നീരൊഴുക്ക് കുറഞ്ഞു. ഉദയഗിരി തലത്തണ്ണി മുണ്ടേരി റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മണിക്കടവിൽ ഒരു വീട് തകർന്നു. ഇരിക്കൂരിൽ നിലാമുറ്റത്ത് റോഡ് മുഴുവനായി ഇടിഞ്ഞു. രണ്ട് വീടുകൾ അപകടാവസ്ഥയിൽ. പഴശ്ശി ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*