കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നിർവഹിക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷി കുട്ടികളുമായി ആലുവയിലേക്ക് പുറപ്പെടും. അന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ആരംഭിക്കും

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ നിരക്ക്: ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ് എൻ ജംക്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാം.

വളരെ മനോഹരമാണ് തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷൻ കാണാൻ. സ്റ്റേഷനിലും തൂണുകളിലും മ്യൂറൽ ചിത്രങ്ങളുണ്ട്. മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രത്തിൽ. കേരളത്തിലെ വിവിധ നൃത്ത രൂപങ്ങളും ശിൽപ്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിവും ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും
. 1. 35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ആണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിരപ്പിക്കുന്നതിന് ആയുള്ള പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഓപ്പൺ ബെബ് ഗിർഡൻ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംക്ഷൻ – തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിൽ ആണ്.
എസ് എൻ ജംക്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1. 16 കിലോ മീറ്റർ ദൂരമാണ് ഫേസ് 1- ബി ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളിലുമായി 28. 125 കിലോ മീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനും ഉൾപ്പെടെ 448. 33 കോടി രൂപയാണ് ചെലവ്.


Be the first to comment