തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമാവുന്ന സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. നേരത്തെയും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നത് നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പള ദിവസമായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിക്കുകയായിരുന്നു

ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്ക് കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. എന്നാൽ കേന്ദ്രത്തിൽ നിന്ന് പണം എത്തിയെങ്കിലും ട്രഷറിയിലെ സാങ്കേതിക തടസം കാരണമാണ് ഒരുവിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതെന്നാണ് സർക്കാർ ഇതിൽ നൽകുന്ന വിശദീകരണം.

5 ലക്ഷം പെൻഷൻകാരിൽ ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകീട്ട് 5നാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർക്ക് ഇന്ന് പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽ നിന്ന് നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവർക്ക് ഇതുവരെ തടസം നേരിട്ടിട്ടില്ല. ഇത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രസ്‌താവന ഇറക്കിയിട്ടുണ്ട്.

ഓവര്‍ ഡ്രാഫ്റ്റിലോടി പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ ട്രഷറിക്ക് താൽക്കാലിക ആശ്വാസമായാണ് കേന്ദ്രത്തിൽ നിന്ന് പണമെത്തിയത്. 2736 കോടി നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും അടക്കം ആകെ നാലായിരം കോടി രൂപയാണ് കിട്ടിയത്. ഇത് കിട്ടിയതോടെ ശമ്പളവും പെൻഷനും മുടക്കം വരാതെ കൊടുക്കാമെന്ന സ്ഥിതിയായി. എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ആദ്യ പ്രവര്‍ത്തി ദിവസം ശമ്പളം ലഭിച്ചില്ല.

ട്രഷറിയിൽ നിന്ന് പാസാക്കിയ ശമ്പള ബില്ല് ആദ്യം എത്തുന്നത് ഇടിഎസ്ബി അക്കൗണ്ടിലേക്കാണ്. അവിടെ നിന്നാണ് ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇടിഎസ്ബിയിലേക്ക് പണം എത്താനെടുത്ത സാങ്കേതിക തടസമാണ് ശമ്പള വിതരണം വൈകിയതിന് കാരണമെന്നാണ് ട്രഷറി ഡയറക്‌ടറേറ്റിന്റെ വിശദീകരണം

അഞ്ചര ലക്ഷം ജീവനക്കാരും ആറ് ലക്ഷത്തോളം പെൻഷൻകാരുമാണ് കേരളത്തിലുള്ളത്. കേന്ദ്രത്തിൽ നിന്ന് പണമെത്തിയതോടെയാണ് ഓവര്‍ ഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരയറിയത്. കിട്ടിയ തുക അത്രയും എടുത്ത് ശമ്പളവും പെൻഷനും അനുവദിച്ചാൽ വീണ്ടും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകും. എന്നാൽ ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും ഇതൊഴിവാക്കുന്നതിന് വേണ്ടി മനപ്പൂർവം അക്കൗണ്ട് മരവിപ്പിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്


Be the first to comment