കേരളം യുഡിഎഫിനൊപ്പം തന്നെ… 2019 ആവര്‍ത്തിക്കും; അഭിപ്രായ സര്‍വെ പുറത്ത്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേ. തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത് യു ഡി എഫിന് മേല്‍ക്കെ പ്രവചിച്ചിരിക്കുന്നത്. 2019 ലേതിന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിക്കും എന്നാണ് സര്‍വേയിലെ പ്രവചനം


2019 ല്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ലും യു ഡി എഫ് വിജയിച്ചിരുന്നു. ഇത്തവണ അതില്‍ നിന്ന് രണ്ട് സീറ്റ് നഷ്ടപ്പെട്ട് 17 സീറ്റില്‍ ആണ് യു ഡി എഫിന് വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ ഡി എഫിന് ഇത്തവണ മൂന്ന് സീറ്റില്‍ വിജയിക്കാനാകും എന്നും വീപ്രിസൈഡ് നടത്തിയ സര്‍വേയില്‍ പറയുന്നു. കേരളത്തില്‍ ഇത്തവണയും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകില്ല എന്നും സര്‍വേ വ്യക്തമാക്കുന്നു.


ജനുവരി ആറ് മുതല്‍ ഫെബ്രുവരി 13 വരെ കേരളത്തിലെ 2000 പേരില്‍ നിന്നാണ് വീപ്രിസൈഡ് അഭിപ്രായം തേടിയത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ അധികാരത്തിലെത്തും എന്നാണ് സര്‍വേയിലെ പ്രവചനം. എന്‍ ഡി എക്ക് 320 സീറ്റും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 185 സീറ്റും ലഭിക്കും എന്നാണ് പ്രവചനം. മറ്റുള്ളവര്‍ക്ക് 38 സീറ്റിലും ജയിക്കാനാകും


കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകില്ല. ആന്ധ്രാപ്രദേശില്‍ എന്‍ ഡി എക്കും ഇന്ത്യാ മുന്നണിക്കും പൂജ്യം സീറ്റ് പ്രവചിക്കുന്ന സര്‍വെ ആകെയുള്ള 25 സീറ്റില്‍ ടി ഡി പി 21 ഉം വൈ എസ് ആര്‍ കോണ്‍ഗ്രസ് നാലും സീറ്റുകളും നേടും എന്നും പറയുന്നു. അതേസമയം ഗോവ, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ എന്‍ ഡി എ തൂത്തുവാരും.


കര്‍ണാടകയിലെ 28 ല്‍ 22 ഉം, ബിഹാറിലെ 40 ല്‍ 27 ഉം മധ്യപ്രദേശിലെ 29 ല്‍ 27 ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 65 ഉം ഡല്‍ഹിയിലെ ഏഴില്‍ ആറും എന്‍ ഡി എ നേടും. അസമില്‍ ആറും കേരളത്തിലും മഹാരാഷ്ട്രയിലും 20 ഉം തമിഴ്‌നാട്ടില്‍ 39 ഉം പശ്ചിമ ബംഗാളില്‍ 19 ഉംതെലങ്കാനയിലും പഞ്ചാബിലും 11 ഉം ഉത്തര്‍ പ്രദേശിലെ 15 ഉം സീറ്റുകളാണ് ഇന്ത്യാ മുന്നണിക്ക് ലഭിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*