സ്റ്റോണ്‍ഹെഞ്ചിനു സമാന അളവിൽ കാന്തിക തരംഗങ്ങൾ, ആത്മീയ അന്വേഷകർ ഒഴുകുന്ന കാസര്‍ ദേവിയെക്കുറിച്ച് അറിയാം

ഉത്തരാഖണ്ഡിലെ അല്‍മോറയ്ക്ക് അടുത്തുള്ള കാസര്‍ ദേവി ഇതേ പേരിലുള്ള ക്ഷേത്രത്തിന്റെ പേരിലാണ് പ്രസിദ്ധി നേടിയത്. നിരവധി സവിശേഷതകളുണ്ട് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും. ഭൂമിയുടെ വാന്‍ അലന്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന കാസര്‍ ദേവി ക്ഷേത്രത്തിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഭൗമകാന്തിക തരംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ സ്റ്റോണ്‍ഹെഞ്ചിനും പെറുവിലെ മച്ചുപിച്ചുവിനും സമാനമായ സവിശേഷമായ ഊര്‍ജം കാസര്‍ ദേവിയിലും ലഭിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന കാസര്‍ ദേവി ക്ഷേത്രം പ്രസിദ്ധമാവുന്നത് 1890 കളില്‍ സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനത്തോടെയാണ്. ചുറ്റും ദേവദാരു മരങ്ങളും പൈന്‍ മരക്കാടുകളും. ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തിയിലെ ബന്ദര്‍പുഞ്ച് കൊടുമുടി മുതല്‍ നേപ്പാളിലെ അപി ഹിമാല്‍ വരെയുള്ള ഹിമാലയത്തിന്റെ വിശാലമായ കാഴ്ച. എന്നിങ്ങനെ തെളിഞ്ഞ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിയാണ് കാസര്‍ ദേവിയിലുള്ളത്. ഇവിടേക്കുള്ള തന്റെ യാത്രയെക്കുറിച്ച് വിവേകാനന്ദന്‍ തന്റെ ഡയറിയില്‍ കുറിക്കുകയും ചെയ്തിരുന്നു.

1930 കളില്‍ ഡാനിഷ് മിസ്റ്റിക് സുന്യത ബാബ(ആല്‍ഫ്രഡ് സോറന്‍സന്‍) ഇവിടെ വരികയും മൂന്നു പതിറ്റാണ്ടോളം താമസിക്കുകയും ചെയ്തു. ഇതോടെ പാശ്ചാത്യ ലോകത്തു നിന്നുള്ള ആത്മീയാന്വേഷകരുടെ ഒരു ഒഴുക്കു തന്നെ കാസര്‍ദേവിയിലേക്കുണ്ടായി. ജര്‍മന്‍ ദാര്‍ശനികനായ ലാമ അങ്കരിക ഗോവിന്ദയും (ഏണസ്റ്റ് ലോതര്‍ ഹോഫ്മാന്‍) ടിബറ്റന്‍ ബുദ്ധിസ്റ്റ് റോബര്‍ട്ട് തുര്‍മാനും ബീറ്റ് കവി ജിന്‍സ്ബര്‍ഗും സന്ന്യാസിനി ആനന്ദമയിമായുമെല്ലാം പിന്നീടുള്ള കാലങ്ങളില്‍ കാസര്‍ ദേവിയുടെ പ്രസിദ്ധി വര്‍ധിപ്പിച്ചു.

ഹിപ്പി പ്രസ്ഥാനം സജീവമായിരുന്നപ്പോള്‍ ഇന്ത്യയിലെ ഒരു ഹിപ്പി കേന്ദ്രം കൂടിയായിരുന്നു കാസര്‍ദേവി. 1960ല്‍ അമേരിക്കന്‍ മനശാസ്ത്രജ്ഞനായ തിമോത്തി ലിയറി ഇവിടെ വന്നു താമസിച്ച് പുസ്തക രചന നടത്തി. ഇതിനു ശേഷം ഹിപ്പികള്‍ക്കിടയില്‍ കാസര്‍ ദേവിക്ക് വലിയ പ്രചാരം ലഭിച്ചു. കാസര്‍ ദേവിക്ക് മുന്നിലെ കുന്നിന് ഹിപ്പി ഹില്‍ എന്നാണ് പേര്. ഇന്നും ഹിപ്പി സംസ്‌ക്കാരത്തിന്റെ സ്വാധീനം ഈ പ്രദേശങ്ങളില്‍ കാണാനാവും.

കാസര്‍ ദേവിയുടെ പ്രധാന ആരാധനാലയം ഒരു ഗുഹയില്‍ വലിയ പാറകളാല്‍ നിര്‍മിച്ചതു പോലെയാണ് സ്ഥിതി ചെയ്യുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഹിന്ദു കലണ്ടറിലെ കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവമായ കാസര്‍ ദേവീ മേള അരങ്ങേറുന്നത്. അല്‍മോറ പട്ടണത്തിന്റെ വരമ്പിലാണ് കാസര്‍ ദേവി സ്ഥിതി ചെയ്യുന്നത്. അല്‍മോറയില്‍ നിന്നും റോഡ് മാര്‍ഗം പത്തു കിലോമീറ്റര്‍ സഞ്ചരിച്ചോ എട്ടു കിലോമീറ്റര്‍ നടന്നോ ഇവിടേക്കെത്താനാവും.

കാസര്‍ ദേവിയില്‍ നിന്നു ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ കാളിമാത്ത് ഗ്രാമം. ബിന്‍സാര്‍ വന്യ ജീവി സങ്കേതം 30 കിലോമീറ്റര്‍ ദൂരത്താണ്. ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കാസര്‍ ദേവിയെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജില്ലാ ആസ്ഥാനം മുതല്‍ കാസര്‍ ദേവി വരെയുള്ള റോപ്പ് വേയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*