ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ.ഫെബ്രുവരി 12 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ് എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30 ന് ആയിരിക്കും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൌകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെ എൽ എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗ്ഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം.

Be the first to comment

Leave a Reply

Your email address will not be published.


*