റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യയില്‍ നിന്നും ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം 1.5-1.6 ദശലക്ഷം ബാരൽ (ബിപിഡി) എന്ന നിലയിൽ റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം അടക്കമുള്ളവ തിരിച്ചടിയായി മാറുകയാണ്. ഇതോടെ ഇന്ത്യ അറബ് രാഷ്ടങ്ങളില്‍ നിന്ന് അടക്കം കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കിയത്.

കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ Kpler-ൻ്റെ പ്രാഥമിക കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ, ജനുവരിയിലെ അളവുകളേക്കാൾ 1.4 ശതമാനം വർധിച്ച് 1.55 ദശലക്ഷം ബിപിഡി റഷ്യൻ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഡിസംബറിലും ജനുവരിയിലും വരാനുള്ള ഏതാനും ചരക്കുകള്‍ ഫെബ്രുവരിയില്‍ എത്തിയെന്നാണ് സൂചന. മെയ്-ജൂലൈ മാസങ്ങളിൽ 2 മില്യൺ ബിപിഡി ആയി ഉയർന്ന റഷ്യൻ എണ്ണ ഇറക്കുമതി ഓഗസ്റ്റ്-ഫെബ്രുവരി മാസങ്ങളിൽ ശരാശരി 1.6 ദശലക്ഷം ബിപിഡി ആയി ഇടിഞ്ഞിരുന്നു

കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിലധികം വിഹിതം ഉണ്ടായിരുന്നതിൽ നിന്ന് ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 32.5 ശതമാനമായി റഷ്യയുടെ വിഹിതം മാറി. ക്രൂഡ് ഓയിലിൻ്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യ തങ്ങളുടെ ആവശ്യകതയുടെ 85 ശതമാനത്തിലധികം നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി മെയ്-ജൂലൈ മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞതോടെ, ഇന്ത്യൻ റിഫൈനർമാർ പശ്ചിമേഷ്യയിലെ തങ്ങളുടെ പരമ്പരാഗത എണ്ണ വിതരണക്കാരിലേക്ക് തിരിഞ്ഞിട്ടുണ്ട്. ജനുവരിയിൽ ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നുള്ള വിതരണത്തിൽ കുതിച്ചുചാട്ടമുണ്ടായപ്പോൾ, ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയും വലിയ തോതില്‍ ഉയർന്നു.

ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയേക്കാൾ 27 ശതമാനം ഉയർന്ന് ഏകദേശം 900,000 ബിപിഡി ആയി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യയുടെ മുൻനിര ക്രൂഡ് ഓയിൽ ഗ്രേഡും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പ്രധാന വിഹിതവുമായ യുറലുകളുടെ വിതരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി 1.1-1.2 ദശലക്ഷം ബിപിഡിയിൽ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും, പേയ്‌മെൻ്റ് സംബന്ധമായ പ്രശ്‌നങ്ങൾ കാരണം സോക്കോൾ ക്രൂഡിൻ്റെ അളവിനെ പ്രധാനമായും ബാധിച്ചു.

2023 ജനുവരി-നവംബർ മാസങ്ങളില്‍ ശരാശരി 140,000 ബിപിഡിയായിരുന്നു ഇറക്കുമതിയെങ്കില്‍. ഡിസംബറിലും ജനുവരിയിലും ഇന്ത്യയിലേക്ക് സോക്കോൾ ഡെലിവറികൾ ഉണ്ടായില്ല. ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള സോക്കോൾ ക്രൂഡ് ഡെലിവറി ഏകദേശം 100,000 ബിപിഡി ആയിരുന്നു, എന്നാൽ ഇതുവരെ പ്രധാന ഇറക്കുമതിക്കാരായ ഐ ഒ സി ഇതൊന്നും വാങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തിയ മൂന്ന് സോക്കോൾ ചരക്കുകളിൽ രണ്ടെണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും (എച്ച്പിസിഎൽ) ഒന്ന്, നയാര എനർജി (എൻഇഎൽ)യുമാണ് വാങ്ങിയത്.

ചൈനീസ് റിഫൈനർമാരും ഇപ്പോൾ സോക്കോൾ ഇറക്കുമതി വർധിപ്പിക്കുന്നുണ്ട്. ഐഒസിയും റോസ്‌നെഫ്റ്റും തമ്മിലുള്ള കരാറില്‍ ഒരു വലിയ മുന്നേറ്റം ഉണ്ടായില്ലെങ്കിൽ, ഇന്ത്യയിലേക്കുള്ള ഡെലിവറികൾ വലിയ തോതില്‍ കുറഞ്ഞേക്കും. “സോക്കോൾ ചൈനയുടെ ആധിപത്യമുള്ള ഗ്രേഡായി മാറിയേക്കാം 2023-ൽ സോക്കോൾ ചരക്കുകളുടെ 70 ശതമാനവും ഐ ഒ സിയാണ് വാങ്ങിയതാണ്,” Kpler-ൻ്റെ പ്രധാന ക്രൂഡ് അനലിസ്റ്റ് വിക്കോട്ടർ കറ്റോണ പറഞ്ഞു


Be the first to comment