സ്മാർട്ട്ഫോൺ വിപണിയിൽ സാംസങിനോട് നേരിട്ട് ഏറ്റുമുട്ടാൻ കഴിവുള്ള കമ്പനികളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ. സാംസങ് വൈവിധ്യമാർന്ന സെഗ്മെന്റുകളിൽ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് മാർക്കറ്റ് പിടിക്കുമ്പോൾ പലപ്പോഴും ആപ്പിളിന് ബ്രാൻഡ് മൂല്യം വലിയൊരു തടസമാണ്. എങ്കിലും തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ നല്ല ഫോണുകൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ് അവർ.
അതിനായി പുറത്തിറക്കിയ ഐഫോൺ എസ്ഇ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ജനപ്രിയമാണ്. എന്നാൽ ഇതിന്റെ ഏറ്റവും പുതിയ എഡിഷന് വേണ്ടിയുള്ള കാത്തിരിപ്പ് രണ്ട് വർഷത്തിൽ ഏറെയായി തുടരുകയാണ്. ആപ്പിളിന്റെ ഐഫോൺ എസ്ഇ മോഡലുകൾ, ആദ്യ തലമുറയിലെ മോഡൽ 2015ൽ ഇറങ്ങിയതുമുതൽ, എപ്പോഴും എൽസിഡി ഡിസ്പ്ലേകളും ഒരു പ്രത്യേക ഡിസൈൻ ഭാഷയും ഉൾക്കൊള്ളുന്നതായിരുന്നു.
എന്നാൽ അടുത്ത തലമുറയിലെ ഐഫോൺ എസ്ഇ 4ൽ ഉടൻ തന്നെ ഇവയിലെല്ലാം മാറ്റമുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, കുപെർട്ടിനോ അധിഷ്ഠിത ടെക് ഭീമൻ ഐഫോൺ എസ്ഇ 4ൽ ഒരു ഒഎൽഇഡി പാനൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ പാനൽ ഐഫോൺ 13ൽ അവതരിപ്പിച്ച അതേ പാനൽ ആയിരിക്കാം എന്നാണ് സൂചന.
ഇത് സംഭവിക്കുകയാണെങ്കിൽ, ആപ്പിളിന്റെ മുഴുവൻ ലൈനപ്പിലും എൽസിഡി ഒഴിവാക്കിക്കൊണ്ട് ആദ്യമായി ഒഎൽഇഡി പാനലുകൾ അവതരിപ്പിക്കും. ആപ്പിളിന് പുതിയ പാനലുകൾ നൽകാൻ സാംസംഗും ബിഒഇയും ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ മത്സരിക്കുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. അതിൽ തന്നെ സാംസങ് തന്നെയാണ് കുറഞ്ഞ വിലയിൽ പാനലുകൾ വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ എസ്ഇ 4ന്റെ വില കുറഞ്ഞ രീതിയിൽ നിലനിർത്താൻ ഇത് ആപ്പിളിനെ സഹായിച്ചേക്കാം. കാരണം,
ഈ പണം ഐഫോൺ 15 സീരീസിനായി കമ്പനി നൽകുന്നതിനേക്കാൾ വളരെ കുറവാണ്, കൂടാതെ ഈ പാനലുകൾക്ക് വേണ്ടി നിർമ്മാതാവിൻ്റെ ഭാഗത്ത് പുതിയ ഗവേഷണവും പഠനവും ആവശ്യമില്ല. ഐഫോൺ 13 പാനലുകൾക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ എസ്ഇ 4 2025ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമയം ആവശ്യത്തിന് മുൻപിൽ ഉള്ളതിനാൽ ആപ്പിളിന് ഫീച്ചറുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം തിടുക്കപ്പെട്ട് എടുക്കേണ്ട ആവശ്യമില്ല എന്നതും ഉപഭോക്താക്കൾക്ക് ഗുണകരമാവും.
നേരത്തെ അടുത്ത തലമുറയിലെ ആപ്പിൾ ഐഫോൺ എസ്ഇ ഐഫോൺ 14നെ അനുസ്മരിപ്പിക്കുന്ന ഒരു ഡിസൈൻ അവതരിപ്പിക്കാനാകുമെന്ന് പ്രമുഖ അനലിസ്റ്റ് മിംഗ്-ചി കുവോ മുൻപ് പറഞ്ഞിരുന്നു. ഐഫോൺ 14നും ഐഫോൺ 13നും ഒരേ ഡിസൈൻ ശൈലി ആണെന്നത് കണക്കിലെടുക്കുമ്പോൾ ഈ അഭ്യൂഹങ്ങൾ ശരിയായ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Be the first to comment