ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ.

തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്.
ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രിനു ഒടുവിൽ പിടിയിലായതാവട്ടെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും.ഡിസംബ‍ർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വെച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്.വീട്ടുകാർ ബാത്ത്റൂമിൽ പോകുന്ന സമയത്തിന് മുമ്പ് ക്യാമറ കൊണ്ടുവെയ്ക്കുകയും അവർ പുറത്തുപോകുന്നതിന് പിന്നാലെ ഇത് എടുത്തുകൊണ്ടുപോകാനുമായിരുന്നു പദ്ധതി.

എന്നാൽ വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ബാത്ത്റൂമിന്റെ എയർഹോളിൽ വെച്ചിരുന്ന പെൻ ക്യാമറ നിലത്തുവീണു.കുട്ടി എടുത്ത് നോക്കിയെങ്കിലും എന്താണെന്ന് മനസിലാവാതെ വീട്ടിലുള്ള മറ്റുള്ളവരെ കാണിച്ചു. അവർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ മെമ്മറി കാർഡ് കണ്ടെത്തിയത്. തുടർന്ന് ഈ കാർഡ് പരിശോധിച്ചപ്പോൾ ബാത്ത് റൂമിലെ ദൃശ്യങ്ങള്‍ പകർത്തിയതായി വ്യക്തമായി.തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ക്യാമറ കണ്ടെത്തിയെന്നും പൊലീസ് കേസായെന്നും മനസിലാക്കിയ പ്രിനു അന്നുമുതൽ ഒളിവിൽ പോയി.രണ്ട് മാസമായി പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ സഹോദരി ഭർത്താവിന്റെ ക്വാർട്ടേഴ്സിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.ഒളിവിൽ കഴിയാൻ സഹായിച്ചതിന് സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*