മേല് നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്..’; ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ..

കൊല്ലം: അങ്കണവാടി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് തനിക്കെതിരെ ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഗതാഗതമന്ത്രി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എംജെ യദുകൃഷ്‌ണനെയാണ് ഗണേഷ് താക്കീത് ചെയ്‌തത്‌. പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം.


പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നതാവും അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോൾ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ എന്നിങ്ങനെ മന്ത്രി ഭീഷണിയുടെയും താക്കീതിന്റെയും സ്വരം പ്രസംഗത്തിൽ ഉടനീളം പ്രകടിപ്പിച്ചിരുന്നു. നേരത്തെയും ഗണേഷ് കുമാറും യദുകൃഷ്‌ണനും തമ്മിൽ പലവട്ടം വാക്‌പോര് നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ സംഭവ വികാസം.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ച് യദുകൃഷ്‌ണൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തുടർവാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്‌ണനും മന്ത്രിയും പല വേദികളിലും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്ന പരിപാടികളിൽ നിന്നു തന്നെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് യദുകൃഷ്‌ണൻ ആരോപിച്ചു.

കൂടാതെ അങ്കണവാടി ഉദ്‌ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്തംഗമായ യദു കൃഷ്‌ണനെ ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ അദ്ദേഹം ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതാണ് മന്ത്രി ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്. മുൻപ് കെബി ഗണേഷ് കുമാര്‍ ഈ പണി നിര്‍ത്തി പോത്തിനെ കുളിപ്പിക്കാന്‍ പോകണമെന്ന എംജെ യദുകൃഷ്‌ണന്റെ വിമര്‍ശനം വിവാദമാവുകയും ഇതിനോട് കടുത്ത ഭാഷയിൽ ഗണേഷ് പ്രതികരിക്കുകയും ചെയ്‌തിരുന്നു.

പോത്തിനെ കിട്ടാനില്ലാത്തതിനാല്‍ പറഞ്ഞയാള്‍ കുനിഞ്ഞ് നിന്നാല്‍ കുളിപ്പിച്ച് തരാം എന്നായിരുന്നു കെബി ഗണേഷ് കുമാർ ഇതിന് നൽകിയ മറുപടി. പട്ടാഴിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു പ്രസ്‌താവന.പോത്തിനെ കുളിപ്പിക്കുന്നത് മോശമായ കാര്യമല്ല എന്നും താന്‍ പണ്ട് പശുവിനെയും ആനയെയും എല്ലാം കുളിപ്പിച്ചിട്ടുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാമെന്നും കെബി ഗണേഷ് കുമാര്‍ തിരിച്ചടിച്ചു. സ്വന്തം വീട്ടിലെ ശൗചാലയം കഴുകുന്നയാളാണ് താനെന്നും അന്ന് എംജെ യദുകൃഷ്‌ണന് മറുപടിയായി കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*