കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നവകേരള യാത്രയോട് അനുബന്ധിച്ച ഇറക്കിയ വീഡിയോയും പോസ്റ്ററും വിവാദത്തില്‍.കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തിലായത്സ് എസി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ചാണ് പോസ്റ്റർ ഇറക്കിയതെങ്കില്‍ ‘അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണം’ എന്നാണ് പ്രചരണ വീഡിയോയിലുള്ളത്. പോസ്റ്ററിലെ ജാതീയ പരാമര്‍ശത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. . ബി ജെ പിയുടെ സവർണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണു വിമർശനം. ‘തമ്പുരാന്‍ സുരേന്ദ്രനോടൊപ്പം അടിയന്‍മാർ ഉണ്ടോളൂ’ എന്ന തരത്തിലുള്ള വിമർശനവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര’ എന്ന പേരിലാണ് പോസ്റ്റർ. ഒരു മണിക്ക് ഉച്ചഭക്ഷണം എന്നുള്ള അറിയിപ്പിനൊപ്പമാണു ബ്രായ്‌ക്കറ്റിൽ ‘എസ്‌സി ആൻഡ് എസ്ടി നേതാക്കളും ഒന്നിച്ച്’ എന്ന് പ്രത്യേകം എഴുതിയിരിക്കുന്നത്. സംഭവത്തില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനും രംഗത്ത് വന്നു.
ബി ജെ പി ദളിത് വിഭാഗങ്ങളെ അപമാനിച്ചിരിക്കുകയാണ്. ആരുമായിട്ടും കാണാം, സംസാരിക്കാം, ഭക്ഷണം കഴിക്കാം. അതിലൊന്നും തെറ്റില്ല. പക്ഷേ, എസ്‌സി – എസ്ടി എന്നൊക്കെ പ്രത്യേകിച്ചു പറഞ്ഞ് അങ്ങനെ ചെയ്യുന്നത് അവരെ അപമാനിക്കലാണ്. അവരുടെ പരാതികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. അതിന് പകരം ഇന്ന ആളുകള്‍ക്കൊപ്പം ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു എന്ന് നോട്ടീസില്‍ എഴുതുന്നതൊക്കെ വളരെ മോശപ്പെട്ട കാര്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് പദയാത്ര അവലോകനയോഗത്തിൽ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. ബി ജെ പിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശവും നേതൃത്വം നൽകി. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശബ്ദമിശ്രണത്തിൽ വന്ന പിഴവാണ് ഇതെന്നാണ് ഐ ടി സെൽ ഭാരവാഹികൾ നൽകുന്ന വിശദീകരണം.
അതേസമയം, ജാഥ സഖ്യ കക്ഷിയായ ബി ഡി ജെ എസ് ബഹിഷ്കരിക്കുകയും ചെയ്തു. പദയാത്രയില്‍ ബി ഡി ജെ എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ ബി ഡി ജെ എസ് നേതാക്കൾ പങ്കെടുത്തതുമില്ല.


Be the first to comment