തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഐഎഎസ്സിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മാറ്റം ലഭിച്ചത്. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. അതേസമയം സൗരഭ് ജെയിന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറിയാവും. ബിജു പ്രഭാകറിനെ മൈനിംഗ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്്‌ലൂം, കശുണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്.

കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമേ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍. അതേസമയം ഗതാഗത മന്ത്രിസ്ഥാനത്ത് കെബി ഗണേഷ് കുമാര്‍ എത്തിയപ്പോള്‍ മുതല്‍ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഗണേഷ് കുമാര്‍ ഈ വിഷയങ്ങളിലെല്ലാം പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തന്നെ മാറ്റണമെന്നായിരുന്നു ബിജു പ്രഭാകറിന്റെ നിലപാട്. ഇലക്ട്രിക് ബസ്സുമായി ബന്ധപ്പെട്ട് ഗണേഷ് സ്വീകരിച്ച നിലപാടും ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുകയായിരുന്നു.


Be the first to comment