ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. എങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചത്

ഇതോടെ ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്താൻ കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ഹർജിയിലെ ആവശ്യങ്ങൾ എല്ലാം തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന കാര്യവും പരിശോധിക്കും.

അതേസമയം, കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.രണ്ടും വ്യത്യസ്‌തമാണ്. ചർച്ചയിൽ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ കേരളം ഹർജി പിൻവലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു. ഇതിന് പിന്നാലെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്‌റ്റിസ് കെവി വിശ്വനാഥൻ വിമർശിക്കുകയും ചെയ്‌തു.

ഹർജിയുമായി മുന്നോട്ടുപോകാൻ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കേന്ദ്രത്തിനും കേരളത്തിനുമിടയിൽ പരസ്‌പര വിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നതായിരുന്നു നേരത്തേ നടന്ന ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവച്ച നിർദേശം. വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്ന് കേരളത്തിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രതികരണങ്ങൾ വരുന്നുണ്ടെന്നും ഉന്നത നേതൃത്വത്തിലുള്ളവർ ഉൾപ്പെടെ ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നുണ്ടെന്നും കേരളത്തിന് ഹാജരായ മുതിർന്ന അഭിഭാഷകൻ വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി.

കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും, ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണെന്നും കേരളം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുമുണ്ട്. സംസ്ഥാന ബജറ്റിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനു കഴിയില്ല. സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.


Be the first to comment