സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ അന്ധാളിച്ച് വിപണി…

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52000 രൂപ ചെലവ് വരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് വിലയില്‍ വന്‍ കുതിപ്പ് നടത്തുന്നത്. രണ്ടാം തിയ്യതി 680 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 560 രൂപ കൂടി. രണ്ട് ദിവസത്തിനിടെ 1200 രൂപയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്.


ഡോളര്‍ സൂചിക ഇടിഞ്ഞതാണ് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണം. മാത്രമല്ല, ആഗോള വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് വീഴുന്നു എന്ന സൂചനയും വന്നു കഴിഞ്ഞു. ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് വിപണിക്ക് നേരിയ ആശങ്ക സമ്മാനിക്കുന്നു. ഇതിനിടെയാണ് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായിരിക്കുന്നത്.


കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 47560 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5945 രൂപയിലെത്തി. ഈ രീതിയില്‍ വില വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് വൈകാതെ സ്വര്‍ണം എത്തും. ഇന്ന് ഒരു പവന്‍ സ്വര്‍ണ ആഭരണം വാങ്ങണമെങ്കില്‍ 52000 രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.


ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമാണ്. 104ല്‍ നിന്ന് 103ലേക്ക് സൂചിക ഇടിഞ്ഞിട്ടുണ്ട്. ഇത് മറ്റു പ്രധാന കറന്‍സികള്‍ക്ക് ബലം വര്‍ധിപ്പിക്കും. അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്യും. ഇതോടെ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില താഴും

.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കുതിക്കുകയാണ്. ഇന്നലെ ഔണ്‍സിന് 2100 ഡോളര്‍ കടന്നു. ഇന്നും വില കുതിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. യുഎസ് ഫ്യൂച്ചേഴ്‌സ് വില സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.


യുഎസ് വിപണി മാന്ദ്യത്തിലേക്ക് കടക്കാതിരിക്കാന്‍ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. ഈ തോന്നലാണ് നിക്ഷേപകര്‍ക്കിടയില്‍ സ്വര്‍ണത്തെ പ്രിയമാക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വീസ് ചെയര്‍മാന്‍ യുഎസ് കോണ്‍ഗ്രസില്‍ നല്‍കുന്ന മൊഴി സ്വര്‍ണ വിപണിക്കും നിര്‍ണായകമാണ്. പലിശ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിനാണ് നിക്ഷേപകര്‍ കാതോര്‍ക്കുന്നത്.

അതേസമയം, ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. വില കുതിക്കുമെന്നാണ് കരുതിയതെങ്കിലും ഇന്നലെ വലിയ വില വര്‍ധനവുണ്ടായില്ല എന്നത് ആശ്വാസകരമാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 82.92 എന്ന നിരക്കിലാണുള്ളത്. ലോക വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വരുംദിവസങ്ങളിലെ സ്വര്‍ണവിലയിലെ വര്‍ധനവും ഇടിവും.

 

Be the first to comment

Leave a Reply

Your email address will not be published.


*