സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 പേര്‍ക്ക് പഠനവിലക്ക്; ഇന്ത്യയിലെവിടേയും പഠിക്കാനാകില്ല….

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ 19 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റി ആണ് നടപടി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഒരിടത്തും ഇവര്‍ക്ക് പഠിക്കാനാകില്ല. പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടിയാണ് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്


സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനെതിരെ നടന്നത് എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്ത നിസഹായതയും എല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.


സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവം വെളിച്ചത്തായത്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കല്‍പ്പറ്റ കോടതിയില്‍ എത്തി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനൊന്നായി. എസ് എഫ് ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

അരുണും അമലും ഇന്നലെ കല്‍പ്പറ്റ ഡി വൈ എസ് പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ആസിഫ് ഖാനെ വര്‍ക്കലയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ആറ് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡി വൈ എസ് പി ടി എന്‍ സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

Be the first to comment

Leave a Reply

Your email address will not be published.


*