2000 രൂപാ നോട്ട് ഇപ്പോഴും നിയാമനുസൃതം; 8470 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ലെന്ന് ആര്‍ബിഐ

മുംബൈ: 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ കറന്‍സി നോട്ടുകളില്‍ 97.62 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 മെയ് 19 ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി 29 വരെയുള്ള കണക്കുകള്‍ പ്രകാരം 2000 രൂപയുടെ 8470 കോടി രൂപ നോട്ടുകളാണ് ജനങ്ങളുടെ കൈയിലുള്ളത്.


ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ ബി ഐ പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനുമുള്ള സൗകര്യം 2023 ഒക്ടോബര്‍ 7 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. 2023 മെയ് 19 മുതല്‍ റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്.അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് 19 ആര്‍ ബി ഐ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യാ പോസ്റ്റ് വഴി ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും 2000 രൂപാ നോട്ടുകള്‍ ആര്‍ ബി ഐ ഓഫീസിലേക്ക് അയച്ച് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സംവിധാനവും നിലവില്‍ തുടരുന്നുണ്ട്.
നേരത്തെ 2023 സെപ്റ്റംബര്‍ 30-നകം 2000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യാനോ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ആയിരുന്നു പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആദ്യം റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമയപരിധി പിന്നീട് ഒക്ടോബര്‍ ഏഴ് വരെ നീട്ടി നല്‍കുകയായിരുന്നു. അതേസമയം 2000 രൂപാ നോട്ടുകള്‍ നിയമാനുസൃതമായി തുടരും എന്ന് ആര്‍ ബി ഐ അറിയിച്ചു.

2016 ലെ നോട്ടുനിരോധനത്തിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെന്‍ഡര്‍ പദവി പിന്‍വലിച്ചതിന് ശേഷം കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുന്നതിനായാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു. അതിനാല്‍ 2018-19 ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*