ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളാണ് ബാഗിൽ സ്പോടക വസ്തുവുമായി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

തൊപ്പിയും മാസ്കും കണ്ണടയും വെച്ച് മുഖം മറച്ചാണ് ഇയാൾ കഫേയിലേക്ക് കയറി വന്നത്. ശേഷം ബില്ലിങ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോയി. എന്നാൽ ഭക്ഷണം കഴിക്കാതെ കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയിൽ ശേഷം ഇയാൾ പോകുകയായിരുന്നു. അൽപസമയത്തിന് ശേഷമാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ എൻഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

അപകടത്തിൽ പരിക്കേറ്റ കഫെ ജീവനക്കാരൻ അടക്കമുള്ളവർ ചികിത്സയിൽ തുടരുകയാണ്. അതേസമയം സ്ഫോടനം രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തോട് എല്ലാവരും സഹകരിക്കണമെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു. അതേസമയം സ്ഫോടനം നടന്ന കഫേയിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ആഭ്യന്തര മന്ത്രി ജി പരമേശ്വരയും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. 30 നോട് അടുത്ത് പ്രായമുള്ളയാളാണ് ബാഗുമായി കഫേയിൽ എത്തിയതെന്നാണ് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ‘റവ ഇഡലിക്കുള്ള ടോക്കൺ കൗണ്ടറിൽ നിന്നും എടുത്ത ശേഷം കഫേയ്ക്ക് സമീപത്തുള്ള മരത്തിന് താഴെ ഉപേക്ഷിച്ച് ഇയാൾ കടന്നു.

കൃത്യം ഒരു മണിക്കൂറിന് ശേഷമാണ് സ്ഫോടനം ഉണ്ടായത്’, എന്നാണ് മന്ത്രിമാർ വ്യക്തമാക്കിയത്. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. സ്ഫോടക വസ്തു സംബന്ധിച്ച പരിശോധന പുരോഗമിക്കുകയാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് ലഭ്യമാകണം. ഉച്ചയ്ക്ക് ഒരു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു വൈറ്റ് ഫീൽഡിലുള്ള രമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ കഫെയിൽ തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം. സംഭവത്തിൽ കഫെ ജീവനക്കാരടക്കം 9 പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല


Be the first to comment