പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകളും ടെക്നോളജികളും എല്ലാം അവതരിപ്പിക്കാനായി സ്പെയിനിലെ ബാർസലോണയിൽ സംഘടിപ്പിച്ചിരിക്കുന്ന ഒരു പ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി). ഇതിനോടകം തന്നെ അതിശയിപ്പിക്കുന്ന തരത്തിൽ നിരവധി സ്മാർട്ട് ഫോണുകളും സാങ്കേതിക വിദ്യകളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ഫെബ്രുവരി 26നാണ് ഇത് ആരംഭിച്ചത്.

മോട്ടറോളയുടെ ബെൻഡബിൾ സ്ക്രീനുള്ള ഫോൺ, ടെക്നോയുടെ റോളബിൾ സ്ക്രീനുകള്ള ഫോൺ എന്നിവയെല്ലാം ഇത്തവണത്തെ മൊബൈൽ വേൾഡ് കോൺഗ്രസിന്റെ മുഖ്യ ആകർഷണം ആയിരുന്നു. ഇപ്പോൾ ഇതാ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മറ്റൊരു സ്മാർട്ട് ഫോൺ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ എനർജൈസർ (Energizer). ഇവർ ഈ പ്രദർശനത്തിൽ അവതരിപ്പിച്ചിരിക്കുന്ന പി 28 കെ എന്ന സ്മാർട്ട് ഫോൺ ആണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്.

28,000 mAh ബാറ്ററിയാണ് എനർജൈസർ ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഒരു ഫുൾ ചാർജിൽ ഒരാഴ്ചയോളം ബാറ്ററി ലൈഫ് ഈ ഫോണിന് ലഭിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്. സ്റ്റാൻഡ് ബൈ ആയി 94 ദിവസത്തോളവും ഈ ഫോൺ ഇരിക്കുന്നതായിരിക്കും. സാധാരണയായി പുറത്തിറങ്ങുന്ന ഫോണുകളിൽ 5000 mAh മുതൽ 6000 mAhന്റെ ബാറ്ററികൾ വരെയാണ് നിർമ്മാതാക്കൾ നൽകുക. ഇവ തുടർച്ചായിയ ഒരു ദിവസം വരെയും മറ്റും ആയിരിക്കും ബാറ്ററി ലൈഫ് നൽകുക
.
എന്നാൽ എനർജൈസറിന്റെ പി 28 കെ എന്ന സ്മാർട്ട് ഫോൺ ബാറ്ററി ലൈഫിന്റെ കാര്യത്തിൽ സാധാരണ സ്മാർട്ട് ഫോണുകളെയെല്ലാം മറികടന്നിരിക്കുകയാണ്. സ്മാർട്ട് ഫോണുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കരുത്തുറ്റ ബാറ്ററിയാണ് ഇത്. ഒരാഴ്ചയോളം ഫോൺ തുടർച്ചായായി ഉപയോഗിക്കാൻ ഈ ബാറ്ററി സഹായിക്കും എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നുണ്ട്. ഇതിൽ പ്രൈമറി ക്യാമറ 60 എംപിയാണ്. 20 എംപിയുടെ സെക്കൻഡറി സെൻസർ, 2 എംപിയുടെ മറ്റൊരു ലെൻസ് എന്നിവയാണ് പിന്നിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എനർജൈസർ ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേതാണ്. മികച്ച ബാറ്ററി പെർഫോമൻസിന് ഒപ്പം മികച്ച ക്യാമറാ പെർഫോമൻസും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫോണിന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 68 ആണ്. അതേ സമയം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് ഒരു 4ജി ഫോൺ ആണെന്നാണ്. ഇത് തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പോരായ്മയായി എടുത്തു പറയാനുള്ളത്. മൂന്ന് വർഷത്തെ വാറന്റി ഈ ഫോണിനായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 250 യൂറോ ആണ് ഈ ഫോണിന്റെ വില അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 22,000 രൂപ.

ഈ വർഷം ഒക്ടോബർ മുതൽ ഈ ഫോൺ വിപണിയിൽ എത്തും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഒരു ഫുൾ ചാർജിൽ 122 മണിക്കൂർ സംസാരസമയവും 2252 മണിക്കൂർ (94 ദിവസം) സ്റ്റാൻഡ്‌ബൈ സമയവും ഈ ഫോണിൽ നൽകാൻ സാധിക്കും എന്ന് പി 28 കെയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. നേരത്തെ 2019ൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ 18,000 mAh ബാറ്ററിയുള്ള പി 18 കെ എന്ന ഫോണും എനർജൈസർ അവതരിപ്പിച്ചിരുന്നു

. 2018ൽ ആകട്ടെ പവർ മാക്സ് പി 16 കെ എന്ന ഫോൺ ആയിരുന്നു എനർജൈസർ അവതരിപ്പിച്ചത്. എന്നാൽ ഈ ഫോണുകൾ ഒന്നും ഉപഭോക്തൃ വിപണിയിൽ ഇവർ പുറത്തിറക്കിയിരുന്നില്ല. എന്നാൽ പുതിയ ഫോണായ പി 28 കെ ഉപയോക്താക്കളുടെ പക്കൽ എത്തിക്കും എന്നാണ് എനർജൈസർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ഫോൺ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരുപക്ഷെ യൂറോപിൽ മാത്രമായി ഇതിന്റെ വിപണി ചുരുങ്ങിയേക്കാം.


Be the first to comment