ചോറ്റാനിക്കര മകം തൊഴൽ :ഫെബ്രുവരി 24 ശനിയാഴ്ച നടക്കും

ഈ വർഷത്തെ മകം തൊഴൽ കുംഭമാസത്തിലെ മകം നക്ഷത്ര ദിവസമായ ഫെബ്രുവരി 24 ശനിയാഴ്ച നടക്കും. സ്ത്രീകൾക്കാണ് മകം തൊഴാൻ സാധിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ചോറ്റാനിക്കരയിൽ എത്തുന്നത്. ഈ ദിവസം ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കുമെന്നും അവരുടെ ഏതാഗ്രഹവും സാധിക്കുമെന്നുമാണ് വിശ്വാസം.
ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 18 മുതൽ 27 വരെ നടക്കും. കുംഭത്തിലെ രോഹിണി നാളിലാണ് ചോറ്റാനിക്കര ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റം നടക്കുന്നത്. ക്ഷേത്രത്തിലെ ഏറ്റവും സവിശേഷ ദിനങ്ങളിലൊന്നായ മകം തൊഴൽ 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. 19 മുതൽ 23 വരെ രാവിലെ 5.30 മുതൽ പറ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.


24ന് രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട് ചടങ്ങോടെയാണ് തുടക്കമാകുന്നത്, തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മകം തൊഴൽ ആരംഭിക്കും. തുടർന്ന് ചോറ്റാനിക്കര മുരളീധരൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും ഉച്ചയ്ക്ക് ഒരു മണി മുതൽ ഉദയനാപുരം സി എസ് ഉദയകുമാറിന്റെ നേതൃത്വത്തിൽ നാദസ്വരകച്ചേരിയും നടക്കും. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാനുള്ള അവസരമുണ്ടാകും.

11 മണിക്ക് മകം വിളക്കിനെഴുന്നള്ളിപ്പ്. ചോറ്റാനിക്കര മകം തൊഴുതാൽ മകം ദിവസം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ എന്താഗ്രഹവും സഫലമാകുമെന്നാണ് വിശ്വാസം. ഈ ദിവസം സർവ്വാഭരണ വിഭൂഷിതയായി തങ്കഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞ് വരദാഭയ മുദ്രകളോടെയാണ് ദേവീ ദർശനം ലഭിക്കുക. വലതു കൈയ്യിലെ തങ്കഗോളകവെച്ച് ദേവി വിശ്വാസികളെ അനുഗ്രഹിക്കുന്ന ദിവസമാണിത്. കുംഭത്തിലെ മകം നാളിൽ മിഥുന ലഗ്നത്തിലാണ് ദേവി വില്വമംഗലം സ്വാമിക്ക് വിശ്വരൂപത്തിൽ ദർശനം നല്കിയതെന്നാണ് വിശ്വാസം. അതിനാലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി നട തുറക്കുന്നത്.


ചോറ്റാനിക്കര പൂരം നാൾ മകം നാളിന് പിറ്റേന്നാണ് പ്രസിദ്ധമായ പൂരം ദിനം. ഈ ദിവസമാണ് സമീപത്തെ ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് ഇവിടേക്ക് വരുന്നത്. രാവിലെ 5.40ന് പറയ്ക്കെഴുന്നള്ളിപ്പ് നടക്കും. ഒൻപതിന് കിഴക്കേച്ചിറയിൽ ആറാട്ട്, രാത്രി 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പുരയിലെത്തും. തുടർന്ന് 11 മണിക്ക് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരേയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴിന്നള്ളിപ്പ് നടക്കും.

ഉത്രം നാൾ രാവിലെ 5.00 മണിക്ക് ആറാട്ടു ബലിയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 6.00 ന് മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10 .00 മണിയോടെ ദേവി ക്ഷേത്രത്തിലേക്ക് തിരികെ എത്തിച്ചേരും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണനവും പിന്നീട് വൈകിട്ട് ആറു മണിക്ക് വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് എന്നിങ്ങനെയാണ് ചടങ്ങുകൾ.

 

Be the first to comment

Leave a Reply

Your email address will not be published.


*