അധികം സംസാരിച്ചാൽ സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ തോറ്റുപോകും: കാരണം വെളിപ്പെടുത്തി അഖില്‍ മാരാർ..

ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തില്‍ നിന്നും ജയിക്കുമെന്ന് പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് അഖില്‍ മാരാർ. മുമ്പ് നടത്തിയ പ്രവചനങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിയുടെ വിജയസാധ്യതകളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ജിഞ്ചർ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാർ.
2013 ല്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റുണ്ട്. ഭാവിയില്‍ ഞാന്‍ ആരെങ്കിലുമൊക്കെ ആയിത്തീരുമെന്ന് അന്ന് തന്നെ എഴുതിയിരുന്നു. ആ വർഷം തന്നെ രാഷ്ട്രീയപരമായി മറ്റൊരു പോസ്റ്റും ഇട്ടിരുന്നു. അതായത് അടുത്ത പത്ത് വർഷത്തോട് കൂടി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒരേ രീതിയില്‍ തകർച്ച സംഭവിക്കുകയും ജനങ്ങളുടെ വർഗീയ വികാരം കൂടി വരുന്നതുകൊണ്ട് ബി ജെ പി രാജ്യത്ത് വലിയ ശക്തിയായി മാറുകയും ചെയ്യുമെന്നുമായിരുന്നു അന്ന് പോസ്റ്റിട്ടത്.


കോണ്‍ഗ്രസില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അത്തരമൊരു പോസ്റ്റ് ഇട്ടത്. ആരെങ്കിലും തെളിവ് ചോദിക്കുകയാണെങ്കില്‍ അതിന്റെ സ്ക്രീന്‍ഷോട്ട് കാണിച്ച് തരാം. എന്റെ ഏറ്റവും വേണ്ടപ്പെട്ട ആളാണെങ്കിലും യാഥാർത്ഥ്യം പറയുന്നതാണ് എനിക്ക് ഇഷ്ടം. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ അഭിനയിച്ച സിനിമ ഞാന്‍ കണ്ടപ്പോള്‍ അയാളുടെ അഭിനയം ശരിയായില്ല, അല്ലെങ്കില്‍ ആ പടം പൊട്ടും എന്നാണെങ്കിലും ഞാന്‍ തുറന്ന് പറയുമെന്നും അഖില്‍ മാരാർ പറയുന്നു.
കള്ളും കുടിച്ച് വണ്ടിയെടുത്ത് പോകുന്ന ഒരുത്തന്‍ മറിഞ്ഞ് വീഴും എന്ന് പറയുന്നത് പ്രവചനം ഒന്നുമല്ല. അതായത് ഒരു പാർട്ടിയുടെ പോക്കും ജനങ്ങളുടെ മൈന്‍ഡ് സെറ്റും കാണുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാകും. എന്തായാലും അതുപോലെ ഏറെക്കുറെ കാര്യങ്ങള്‍ സംഭവിച്ചു. ഉമ്മന്‍ചാണ്ടി സാറിനോട് വലിയ ബഹുമാനമാണെങ്കിലും എന്തുകൊണ്ട് അദ്ദേഹത്തിന്റെ സർക്കാർ വീണ്ടും അധികാരത്തില്‍ വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് 2015 ല്‍ ഇട്ടിരുന്നു.
നാട്ടിലെ ഒരു സാധാ കോണ്‍ഗ്രസുകാരന്‍ തന്റെ നേതാവിന്റെ അടുത്ത് പോയി വിഷമം പറയുകയും ആ നേതാവ് മൈന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ പിന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ? അവിടെ അയാള്‍ക്ക് സഹായവുമായി കമ്മ്യൂണിസ്റ്റുകാരന്‍ എത്തുകയും ആ കോണ്‍ഗ്രസുകാരന്‍ പാർട്ടി മാറുകയും. ആശയങ്ങളേക്കാള്‍ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുക എന്നുള്ളതാണ് പലർക്കും ഇന്ന് രാഷ്ട്രീയമെന്നും അഖില്‍ മാരാർ പറയുന്നു. ജോസ് കെ മാണി എന്ന് എല്‍ ഡി എഫിലേക്ക് പോകും എന്ന് നോക്കാമെന്ന് മാണി സാർ മരിച്ച ദിവസം, കർണാടകത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഞാന്‍ എഴുതിയിരുന്നു.

ഒരു വർഷം മാത്രമാണ് ആ സർക്കാർ ഉണ്ടായത്. അതും ഞാന്‍ കാര്യ കാരണങ്ങള്‍ സഹിതം പ്രവചിച്ചിരുന്നു. ബി ജെ പി യുടെ പ്രവർത്തനം, സുരേഷ് ഗോപി ചെയ്യുന്ന നന്മകള്‍ എന്നിവ മാത്രം കൊണ്ടല്ല അദ്ദേഹം ജയിക്കുമെന്ന് പറയുന്നത്. ബിഗ് ബോസില്‍ ഞാന്‍ എങ്ങനെയാണ് വിജയിച്ചത്. എന്നെ വലിയൊരു വിഭാഗം കടന്നാക്രമിച്ചു. ആ സമയത്ത് ഞാന്‍ എടുത്ത പല നിലപാടും ശരിയായിരുന്നുവെന്ന് മറ്റുള്ളവർക്ക് തോന്നി. അപ്പോള്‍ എൻ്റെ അടുത്തേക്ക് വോട്ടുകള്‍ എത്തി. സുരേഷേട്ടനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് കാണുന്നവരാണ് ജനം. ഒരു മാധ്യമപ്രവർത്തകയുടെ പുറത്ത് തട്ടിയ വിഷയം, അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തെറ്റ് തന്നെയാണ്. അതിനെ വേറൊരു രീതിയില്‍ വളച്ചൊടിച്ച് അറ്റാക്ക് ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിന്റെ കൂടെ മാത്രമേ നില്‍ക്കുകയുള്ളുവെന്നും അഖില്‍ മാരാർ പറയുന്നു.

സുരേഷ് ഗോപിയുമായി വലിയ പേഴ്സണല്‍ ബന്ധമുള്ള ആളൊന്നും അല്ല. അദ്ദേഹത്തിന്‍റെ വീട്ടിലെ കല്ല്യാണത്തിന് എല്ലാവരും പോയി ഞാന്‍ പോയില്ല, കാരണം അത്രയ്ക്കുള്ള ബന്ധമെ ഉള്ളൂ. പുള്ളി എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചുമല്ല ഞാൻ ഒന്നും പറയുന്നത്. നിലവിലെ സാഹചര്യമാണ് ഞാന്‍ പറയുന്നത്. ചിലരൊക്കെ അനാവശ്യ വർഗ്ഗീയത കുത്തിക്കയറ്റുകയാണ്. വർഷങ്ങൾക്ക് മുമ്പ് എയ്ഡ്സ് വന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാറായി കത്തി നിൽക്കുന്ന സമയത്ത് ആ കുട്ടികൾക്ക് വേണ്ടി ഈ മനുഷ്യൻ നിന്നു.അതുപോലെ എൻഡോസൾഫാൻ വിഷയം വന്നപ്പോഴും അ​ദ്ദേഹം അവർക്കൊപ്പം നിന്നു. സുരേഷ് ഗോപി ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. അന്നത്തെ കാലത്ത് കരുണാകരനുമായി സുരേഷ് ​ഗോപിക്ക് അടുത്തബന്ധമായിരുന്നു. അന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും അ​​ദ്ദേഹം മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റ് സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല.

അടുത്തിടെ മേജർ രവി സാറിനെ കണ്ടപ്പോള്‍ സുരേഷേട്ടനെ കാണുമ്പോള്‍ ഒരു കാര്യം പറയാന്‍ പറഞ്ഞു. അതായത് “അധികം സംസാരിക്കേണ്ട് അധികം സംസാരിച്ചാൽ ചിലപ്പോ തോറ്റുപോകും. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ പിന്നീട് അപകടമാകും” എന്ന് അദ്ദേഹത്തോടെ പറയാന്‍ പറഞ്ഞു. ബ്രാഹ്മണനായി ജനിക്കണമെന്നൊക്കെ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഏത് ജാതിയില്‍ പിറന്നാല്‍ എന്താണ്. കെ ആ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയത് ഏത് ജാതിക്കാരനാണെന്ന് നോക്കിയിട്ടാണോ. മനുഷ്യനെ വിലയിരുത്തേണ്ടത് ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല. സുരേഷ് ഗോപി പറയുമ്പോള്‍ ഇതൊന്നും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*