ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്നും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. 400 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകള്‍ പോലും കടക്കാനാകില്ല. ഇത്തവണ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടാണ് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്, ഖാര്‍ഗെ പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘മോദിജി ഇവിടെ വന്ന് കോണ്‍ഗ്രസ് പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന് ആരോപിക്കും. നിങ്ങള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്?. പൊതുജനങ്ങള്‍ ഇതിനെല്ലാം തക്ക മറുപടി നല്‍കും,’ അദ്ദേഹം പറഞ്ഞു.
അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കഠിനാധ്വാനം ചെയ്ത നാടാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അമേഠി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ മണ്ഡലം നഷ്ടമായി.
റായ്ബറേലിയില്‍ നിന്നാണ് സോണിയാ ഗാന്ധി വിജയിച്ചത്. എന്നിരുന്നാലും ഇത്തവണ അവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. പരാജയം സമ്മതിച്ചതിനാലാണ് സോണിയയുടെ രാജ്യസഭാ നാമനിര്‍ദ്ദേശം എന്നാണ് ബി ജെ പിയുടെ പരിഹാസം. അതേസമയം രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി രംഗത്തെത്തി. രാഹുലിനെ സ്വാഗതം ചെയ്യുന്നത് ആളൊഴിഞ്ഞ തെരുവുകളാണെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ഗാന്ധി കുടുംബവും രാഹുലും നിരസിച്ചതില്‍ അമേഠിയിലെ രാമഭക്തരും രോഷാകുലരാണ്. അമേഠിയില്‍ വികസനം നിഷേധിക്കപ്പെട്ടവരുടെ രോഷം കോണ്‍ഗ്രസും ഗാന്ധി കുടുംബവും അനുഭവിക്കും എന്നും സ്മൃതി പറഞ്ഞു.

Be the first to comment