തിരുവനന്തപുരം: വേനൽ വരവറിയിക്കും മുൻപ് തന്നെ തീച്ചൂളയായി കേരളം. ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും താപനില കുതിച്ചുയരുന്ന സ്ഥിതിവിശേഷമാണുള്ളത്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാ മാപിനികളിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില.
എന്നാൽ ഈ മാപിനികളിലെ താപനില കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗിക രേഖകളിൽ ചേർക്കാറില്ല. ഇത് അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്താറുണ്ടെന്ന് മാത്രം. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 37.9 ഡിഗ്രി.
താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ല ഇന്നും ചൂടുമായി ബന്ധപ്പെട്ട യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ ജില്ലകളിൽ താപനില 3-4 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടാതെ മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്.
കുറഞ്ഞ താപനില ഉള്ള ഇടങ്ങളിൽ ഒന്ന് മൂന്നാറാണ്. നിലവിൽ എവിടെയും വേനൽമഴ എത്താനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. മാർച്ച് പകുതിയോടെ മാത്രമേ മഴ പെയ്യാൻ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ കനത്ത ചൂടിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾക്ക് കർമ്മ പദ്ധതികൾ ഇക്കുറി നേരത്തെ തന്നെ പ്രഖ്യാപിച്ചേക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്ന് മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശത്തിൽ പറയുന്നു.
തേസമയം, കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വാട്ടർ ബെൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ വൊക്കേഷണൽ ഗവ. എച്ച്എസ്എസിൽ വച്ച് നിർവഹിക്കും. കുട്ടികളെ വെള്ളം കുടിക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ 10.30നും ഉച്ചയ്ക്ക് 2.30നും ബെൽ അടിക്കുന്ന സംവിധാനമാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*