സ്വര്‍ണ വില പിടിവിടുന്നു; കുതിക്കുന്നത് റെക്കോര്‍ഡിലേക്ക്…

കൊച്ചി: വിപണിയില്‍ ആശങ്ക പരത്തി സ്വര്‍ണ വില കുതിക്കുന്നു. ആഗോള വിപണിയിലെ സാഹചര്യം പ്രതിസന്ധി നിറഞ്ഞതോടെയാണ് കേരളത്തിലും സ്വര്‍ണത്തിന് വിലയേറുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ വൈകാതെ വാങ്ങുകയോ ബുക്ക് ചെയ്യുന്നതോ ഉചിതമാകുംഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 46640 രൂപയാണ്. ഏറ്റവും കുറഞ്ഞത് 45520 രൂപയും. വില കുറഞ്ഞത് സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. അതിനിടെയാണ് വിപണി സാഹചര്യം മാറിയതും സ്വര്‍ണ വില കുതിക്കാന്‍ തുടങ്ങിയതും. വലിയ തോതിലുള്ള ഇടിവ് ഇനി ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45960 രൂപയാണ് വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5745 രൂപയിലെത്തി. ഈ മാസം 16 മുതലാണ് സ്വര്‍ണവില കുതിക്കാന്‍ തുടങ്ങിയത്. അന്ന് 160 രൂപ പവന് വര്‍ധിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം 80 രൂപ കൂടി. ഇന്ന് 200 രൂപയും. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഇതേ ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരുമെന്നാണ് നിരീക്ഷണം.
എന്തുകൊണ്ടാണ് സ്വര്‍ണ വില ഇത്തരത്തില്‍ വര്‍ധിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. രണ്ട് പ്രബല രാജ്യങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നു എന്നതാണ് എടുത്തു പറയാവുന്ന കാരണം. ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി എന്ന വിവരം പുറത്തുവന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്‍, ജര്‍മനിക്കും പിന്നിലായിരിക്കുകയാണിപ്പോള്‍. ബ്രിട്ടനിലെ സാമ്പത്തിക സാഹചര്യവും ആശങ്ക സൃഷ്ടിക്കുന്നതാണ്. വന്‍കിട ശക്തികള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുന്നത് വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കും. പ്രമുഖ കമ്പനികള്‍ ചെലവ് ചുരുക്കല്‍ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നതും പുതിയ ജോലിക്കാരെ നിയമിക്കാത്തതും ഇതിന്റെ സൂചനയാണ്. വിപണി അസ്ഥിരമാകുമ്പോള്‍ സ്വര്‍ണ വില ഉയരും.

Be the first to comment

Leave a Reply

Your email address will not be published.


*