കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും
ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുൻപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ പ്രവർത്തനം തുടങ്ങിയതോടെ യുഡിഎഫ് കോട്ടയത്ത് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിച്ചേക്കും.
ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക.
എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി മുൻതുക്കം നേടിയിട്ടുണ്ട്.
ഇതേ തുടർന്ന് വേഗത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളില്‍ അന്തിമ തീരുമാനം വൈകി.
കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത് മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോണ്‍ഗ്രസ് കരുതുന്നു.എല്‍.ഡി.എഫ് ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സ്വന്തം നിലയില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നല്‍കിയപ്പോള്‍ യു.ഡി.എഫി ല്‍ കോണ്‍ഗ്രസ് അത്രയും വിശാല സമീപനം കാണിച്ചിട്ടില്ല.
മുൻ എംപിയും കേരള രാഷ്ട്രീയത്തിലെ അതികായകനുമായിരുന്ന കെ എം ജോർജിൻ്റെ മകൻ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കുന്നതിന് ആണ് പാർട്ടിയില് ധാരണയായിട്ടുള്ളത്. ‘
ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് എൻഡിഎ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വാദവും ഉണ്ട്. പ്രചരണ ദിനങ്ങൾ കൂടിയാൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നതാണ് തലവേദന സൃഷ്ടിക്കുന്നത്.
ഭരണത്തിലിരിക്കുന്ന പാർട്ടികൾക്ക് ഇതിനെ തരണം ചെയ്യാമെങ്കിലും പ്രതിപക്ഷ പാർട്ടികൾക്ക് അത്ര എളുപ്പമാവില്ല കാര്യങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*