മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം; മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമെന്നും പറഞ്ഞവര്‍ അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ സര്‍ക്കാരുകളുടെ ഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കും. സങ്കടവും ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് ഞങ്ങളുടെ വി.ഐ.പികള്‍. അല്ലാതെ ആര്‍ഭാട ബ്രേക്ക് ഫാസ്റ്റ് നടത്തിയുള്ള പരിപാടികളല്ല സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
സമൂഹിക സുരക്ഷാ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിന്റെ ഇരകളായി മാറിയവരുമായി ആശയവിനിമയം നടത്തും. അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. ജനങ്ങളെ ഭിപ്പിപ്പിച്ചും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടിയും രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ കാമ്പയിനും തുറന്നു കാട്ടും.. സര്‍ക്കാരിന്റെ അഴിമതി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എ.ഐ ക്യാമറ, കെഫോണ്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി, മാസപ്പടി ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ജനങ്ങളോട് പറയും.
മടിയില്‍ കനമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് രണ്ടു കൈകളും പൊക്കി ഈ രണ്ടു കൈകളും ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.മൂന്നാമതായി ഭാര്യയുടെ പെന്‍ഷന്‍ കിട്ടിയ കാശു കൊണ്ടാണ് ഐ.ടി കമ്പനി തുടങ്ങിയതെന്ന് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടേയെന്നും പറഞ്ഞു. പക്ഷെ അന്വേഷണം വന്നപ്പോള്‍ കെ.എസ്.ഐ.ഡി.സിയെ കൊണ്ട് 25 ലക്ഷം രൂപ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ വരുത്തി ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മകളെക്കൊണ്ട് കര്‍ണാടക ഹൈക്കോടതിയിലും കേസ് കൊടുപ്പിച്ചു. ഏത് അന്വേഷണവും നടക്കട്ടേയെന്നും കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുകയാണ്. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അന്വേഷണം നടക്കട്ടെ ഭയപ്പെടാനില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നിട്ടാണ് അന്വേഷണം തടയാന്‍ കോടതിയിലേക്ക് ഓടുന്നത്.

Be the first to comment