അന്ന് തേക്കിൻകാട്‌ മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജട; ഇന്ന് പ്രധാനമന്ത്രിക്ക് ഭീഷണി

തൃശൂർ തേക്കിൻകാട്‌ മൈതാനത്തിന്‌ ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വെട്ടിമാറ്റി. ജനുവരി 3 ബുധനാഴ്ച്ച പകൽ മൂന്നു മണിക്ക് ബിജെപിയുടെ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ തൃശൂരിലെത്തുന്ന മോദിക്ക്‌ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വൻ മരങ്ങൾ കൂട്ടത്തോടെ മുറിച്ചുമാറ്റിയത്.

പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും തൃശൂരിന്റെ പൈതൃക സൗന്ദര്യത്തിന്റെ അടയാളമായിരുന്ന തേക്കിൻകാട്‌ മൈതാനത്തെ മണികണ്‌ഠനാൽ, നടുവിലാൽ, നായ്‌ക്കനാൽ, വടക്കുന്നാഥ ക്ഷേത്രത്തിനുമുന്നിലെ ആൽ എന്നിവയൊക്കെയാണ് പ്രധാനമന്ത്രിയുടെ വരവോടെ മുറിച്ചുമാറ്റപ്പെട്ടത്.

കനത്ത പൊലീസ്‌ കാവലിലാണ്‌ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നത്‌. നായ്‌ക്കനാൽ ജങ്‌ഷനിലെ ആലിന്റെ പ്രധാന ഭാഗങ്ങൾ വെട്ടി മാറ്റി. അതുപോലെ തന്നെ സ്വരാജ്‌ റൗണ്ടിനോട്‌ ചേർന്ന വൃക്ഷങ്ങളും ശിഖരങ്ങളും സുരക്ഷയുടെ പേരിൽ മുറിച്ചുമാറ്റുകയാണ്. വേദിയുടെ എല്ലാ ഭാഗവും കെട്ടി മറിച്ചാണ് വൃക്ഷങ്ങൾ വെട്ടുന്നത്.

സുരക്ഷയുടെ ഭാഗമായി ചില വൃക്ഷങ്ങളുടെ ചെറിയചില്ലകൾ നീക്കം ചെയ്‌ത സാഹചര്യത്തിൽ മുൻപ് ബിജെപി തന്നെ ഇതര പാർട്ടികളുടെയും മറ്റും സമ്മേളനങ്ങൾ നടക്കുമ്പോൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചില സംഘപരിവാർ സംഘടനകൾ തേക്കിൻകാട്‌ മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജടയാണെന്നും അത്‌ മുറിച്ചുമാറ്റുന്നത്‌ ആചാരലംഘനമാണെന്നും പറഞ്ഞ്‌ അന്ന്‌ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ അവർ കോടതിയെയും സമീപിച്ചിട്ടുണ്ട്‌.

Be the first to comment

Leave a Reply

Your email address will not be published.


*