വ്യക്തികൾ ഉൾപ്പെടെ ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
കുറഞ്ഞ നികുതിരഹിത വരുമാനത്തിന് മുകളിൽ നികുതി വിധേയ വരുമാനമുള്ള എല്ലാ വ്യക്തികളും വാർഷിക റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.ഏതെങ്കിലും നിയമത്തിനു കീഴിൽ ഓഡിറ്റുള്ളവർക്കും, ടാക്സ് ഓഡിറ്റ് ഉള്ള പാർട്നർഷിപ് ഫേമുകളിലെ പാർട്നർമാർക്കും റിട്ടേൺ കൊടുക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.
ഇ – റിട്ടേൺ നിർബന്ധം.
ആദായ നികുതി റിട്ടേൺ ഇലക്ട്രോണിക്
ആയി മാത്രമേ സമർപ്പിക്കാനാകൂ.എന്നാൽ 80 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് ഇലക്ട്രോണിക് റിട്ടേണോ പേപ്പർ റിട്ടേണോ സമർപ്പിക്കാം.
റിട്ടേണിനൊപ്പം രേഖകൾ വേണ്ട.
റിട്ടേണിനൊപ്പം നിക്ഷേപത്തിന്റെ തെളിവ്, ടിഡിഎസ് സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. എങ്കിലും, നികുതി അധികാരികൾ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാകേണ്ടതുണ്ട്. അതുകൊണ്ട് ഈ രേഖകൾ സൂക്ഷിച്ചുവയ്ക്കണം.
നഷ്ടം തട്ടി കിഴിക്കാൻ ആകില്ല.
റിട്ടേൺ വൈകി സമർപ്പിച്ചാൽ ദീർഘകാല മൂലധനവർധന നഷ്ടമോ വ്യാപാര നഷ്ടമോ വരുംകാല ലാഭവുമായി തട്ടി കിഴിക്കാൻ ആകില്ല.
അനുവദനീയമായ സമയത്തിന് ശേഷം ഒരു ദിവസം വൈകിയാലും ഇതുതന്നെയാണ് സ്ഥിതി. അതുപോലെ റിട്ടേൺ വൈകിയാൽ തിരികെ ലഭിക്കാനുള്ള നികുതിയും വൈകും.
റിട്ടേൺ വൈകിയാൽ പിഴ.
റിട്ടേൺ വൈകി കൊടുക്കുമ്പോൾ നികുതി അടയ്ക്കാൻ ഉണ്ടെങ്കിൽ, വകുപ്പ് 234 എ പ്രകാരം, അടക്കാനുള്ള നികുതിയിന്മേൽ പ്രതിമാസം 1% പിഴ പലിശ ഈടാക്കും. സാധാരണ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന കാലയളവാണ് ഇതിനായി കണക്കാക്കുക. ഇതിനു പുറമേ, വകുപ്പ് 234 എഫ് പ്രകാരം, വൈകിയ റിട്ടേണിലെ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1000 രൂപ പിഴ അടയ്ക്കണം. വരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ പിഴ 5000 രൂപയാണ്.

Be the first to comment