സഞ്ചാരികളെ കാത്ത് കാടിന് നടുവിൽ കാഴ്ചയുടെ വെൺമ പരത്തി ഇരുതോട് വെള്ളച്ചാട്ടം. പാറയുടെ തട്ടുകളിൽ വർണ വസന്തം തീർത്ത് കൽത്താമരപ്പൂക്കളും. വിനോദ സഞ്ചാര സാധ്യതകൾ വഴിഞ്ഞൊഴുകുമ്പോഴും പേരുവാലി വനത്തിലെ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പദ്ധതികളില്ല. കാടിന്റെ വന്യതയിൽ ഒളിപ്പിച്ചുവച്ച വിസ്മയച്ചെപ്പ് പോലെയാണ് കാഴ്ചയുടെ കണ്ണേറ് തട്ടാതെ ചാവരുപാണ്ടി അരുവിയിലെ ഇരുതോട് വെള്ളച്ചാട്ടം. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനാകും. പേരുവാലിയിൽ നിന്ന് അരുവിയുടെ ചാരത്തു കൂടി അര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെ എത്താം.
ദൂരെ നിന്ന് തന്നെ കുതിച്ചുപായുന്ന ജലപാതത്തിന്റെ ഇരമ്പൽ കേൾക്കാം. തൂവാനം വിതറി 100 അടിയിലേറെ ഉയരത്തിലെ തട്ടുകളായുള്ള പാറയിൽ തട്ടിത്തെറിച്ച് പരന്ന പാറയിലെ കുളത്തിലേക്ക് കുതിച്ചെത്തുന്നു. അവിടെ നിന്ന് നിരപ്പായ പാറയിലൂടെ ഒഴുകി വീണ്ടും വെള്ളച്ചാട്ടമായി മാറുന്നു. പാറയുടെ ചുവരുകളിലൂടെ ഊർന്നിങ്ങുന്ന വെള്ളത്തുള്ളികളുടെ തലോടലേറ്റ് പുഞ്ചിരി പൊഴിക്കുന്ന കൽത്താമരപ്പൂക്കളും വേറിട്ട കാഴ്ചാനുഭവമാണ്.
വെള്ളച്ചാട്ടത്തിന് താഴെയായി അരുവിയോട് ചേർന്ന് ഉയരത്തിൽ അടുക്കിവച്ചതു പോലെ കാണുന്ന പാറകൾക്ക് മുകളിൽ മരവും വള്ളിക്കെട്ടുകളും പ്രകൃതി ദൃശ്യാനുഭവം പകരുന്നു. ഇവിടെയെത്തുന്നവരുടെ സുരക്ഷയ്ക്കായി നിരപ്പായ പാറയിൽ കമ്പി വേലി തീർത്താൽ പോലും കാടിന്റെ തനിമ ചോരാതെ സഞ്ചാരികളെ ആകർഷിക്കാനാകും. സമീപ ഭാഗങ്ങളിലെ മരത്തിന് മുകളിൽ ഏറുമാടം നിർമിച്ച് സഞ്ചാരികൾക്ക് തങ്ങാൻ സൗകര്യമൊരുക്കാം.
കോന്നി – തണ്ണിത്തോട് റോഡിലെ പേരുവാലി തേക്ക് തോട്ടത്തിന് സമീപത്ത് നിന്ന് വെള്ളച്ചാട്ടത്തിന്റെ നേരിയ ദൃശ്യം ലഭിക്കും. തേക്ക് തോട്ടത്തിലൂടെയുള്ള പാത വെള്ളച്ചാട്ടത്തിന് സമീപം വരെയുള്ളതിനാൽ വിശാലമായ തേക്ക് തോട്ടത്തിന്റെ മനോഹാരിത ആസ്വദിച്ച് ഇവിടെയെത്താനാകും. അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കിയാൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ച് വരുമാനം വർധിപ്പിക്കാനാകും.

Be the first to comment