മോഷണത്തിനായി കയറിയ വീട്ടിൽ നിന്നും യാതൊന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ 500 രൂപയുടെ നോട്ട് വീട്ടിൽ വച്ചിട്ടു മോഷ്ടാക്കൾ കടന്നതായി പൊലീസ്. ന്യൂഡൽഹിയിലെ രോഹിണിയിലെ സെക്ടർ എട്ടിലാണു സംഭവം നടന്നത്. 80 വയസ്സുകാരനായ എം. രാമകൃഷന്റെയും ഭാര്യയുടെയും വീട്ടിലാണു കള്ളന്മാർ മോഷണത്തിനായി കയറിയത്. എന്നാൽ വിലപിടിച്ചതൊന്നും വീട്ടിൽ സൂക്ഷിക്കുന്ന പതിവ് ദമ്പതികൾക്ക് ഇല്ലാത്തതിനാൽ മോഷ്ടാക്കൾക്കു യാതൊന്നും കിട്ടിയില്ല.
ജൂലൈ 19നു ഗുരുഗ്രാമിൽ താമസിക്കുന്ന മകന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു ഇരുവരും. ജൂലൈ 21 നു വീട്ടിൽ മോഷണം നടന്നെന്നു പറഞ്ഞ് അയൽവാസി വിളിക്കുകയായിരുന്നെന്ന് രാമകൃഷ്ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയപ്പോൾ കണ്ടത് പ്രധാന വാതില്‍ തകർന്ന നിലയിലായിരുന്നു. മെയിൻ ഗേറ്റിന് താഴെയായി 500 രൂപ വച്ചിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. രാമകൃഷ്ണന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Be the first to comment